Friday, January 30, 2015

...........................നഷ്ടം.....................



വന്യമാമൊരു സ്വപ്നത്തിൻ

പിറകിലോടി ഞാൻ തളര്ന്നിരിക്കെ

പതുക്കെയെന്നുള്ളിലിരുന്നാരോ ,

ചൊല്ലിയതിത്രമാത്രം.

പോയവയെല്ലാം നിന്നുള്ളിൽ

അവശേഷിപ്പിച്ചതിൻ മാധുര്യം

നുണയുക മാത്രമിനി ശിഷ്ടകാലം.

കിട്ടുക കഷ്ടം, തിരിച്ചുകിട്ടുക കഷ്ടം

എന്നറികിലും ഉള്ളിലെ

മോഹത്തിൽ എവിടെയോ


അലയടിച്ചീടുന്ന ബാല്യകാലം.
......................കാതങ്ങൾ...................... 


കണ്ണിമകളെ നിദ്ര പുല്കുവാൻ 

മടിക്കുമീ വര്ഷകാല രാത്രിയിൽ 

ഏകാന്തത തൻ കടന്നു കയറ്റം.

മറവി തൻ മാറാലകളെ

തള്ളി നീക്കി, ഓർമ്മകൾ 

വീണ്ടും ചുരം കയറുന്നു.


നിർത്താതെ പെയ്തൊരാ 

തുലാ വർഷ രാത്രിയിൽ

ഒറ്റപെടലിന്റെ വേദനയറിഞ്ഞു,

അച്ഛന്റെ നഷ്ടമറിഞ്ഞു.


പിന്നേയുമോടി മറഞ്ഞൊരാ 

കാലത്തിനപ്പുറം വേറെയു,

മൊരായിരം വേദനയറിഞ്ഞു.



ഇന്നീ ആശുപത്രി കിടക്കയിൽ

മരുന്നിൻ മണങ്ങളിൽ 

കുരിങ്ങിക്കിടക്കവേ,

പുലരുവാനിനിയുമൊരായിരം 

കാതങ്ങൾ ഉണ്ടെന്ന തോന്നൽ മനസ്സിൽ
...........................ഒരു ദിനം.........................





ഇന്നിവിടെ ഞാന്‍ ഇല്ലെങ്കില്‍

എന്തൊക്കെ നടക്കുമെന്നിനിക്കൊന്നു കാണണം.

പുതിയ പ്രഭാതം വന്നു മുടങ്ങാതെ,

അതിനു പിറകെ  വന്നു

എന്നത്തേയും പോലെ പത്രവും.

അതിനുള്ളിലൊരു പേജില്‍

വായിച്ചു  മറക്കുന്ന വാര്‍ത്തയായ് ഞാനും

അങ്ങനെ ഇരിക്കെ പല പല

കാഴ്ചകള്‍ കണ്ടു ഞാന്‍

ആധികള്‍, നെടുവീര്‍പ്പുകള്‍

ആത്മരോഷത്തിന്റെ പച്ചപുലയാട്ടുകള്‍.

എത്തിനോക്കുന്ന സദാചാര ചിന്തകള്‍,

വൈകിയെത്തുന്ന ദിനചര്യകള്‍,

കാത്തുകിടക്കലിന്‍ അസഹ്യതകള്‍,

ഇരു ദിശകളിലെക്കൊഴുകി

പരക്കുന്ന ജനസഞ്ചയം

ഒരു ദിനം അങ്ങനെ  കടന്നുപോകെ

എല്ലമോരാവര്‍ത്തനം.

ഇന്നിവിടെ ഞാന്‍ ഇല്ലായിരുന്നുവെങ്കിലും

എല്ലാം അതുപോലെ നടന്നൊരു ദിനം.


മറിച്ചൊന്നു  ചിന്തിച്ച ഞാനാണ് മണ്ടന്‍