Friday, April 24, 2015


........................ബാക്കി പത്രം.....................



കഴിഞ്ഞു പോകുന്നോരാ വര്ഷം 

ബാക്കി വെച്ചതെന്താണ്,
ഇന്നീ രാത്രിതൻ വേളയിൽ 
നിലാവലിഞ്ഞില്ലാതാകുമീ നിശീഥിനിയിൽ 
കൊഴിഞ്ഞു പോയ മുന്നൂറ്റി അറുപത്തഞ്ചു 
ദിനങ്ങൾ തൻ ബാക്കി പത്രം.


നിറവും നിലാവും

കുളിരും കിനാവും മാത്രമല്ല 
ഇനിയും വായിച്ചു തീരാത്ത 
ജീവിത പുസ്തകതാളുകൾ
വേരറ്റ ചിന്തകൾ,
നഷ്ടപ്പെടുത്തിയനവധി അവസരങ്ങൾ.
പെയ്തോഴിഞ്ഞില്ലാതായ മരണമൌനങ്ങൾ. 
മോഹ ഭംഗങ്ങളാം കബന്ധങ്ങൾ.

അവസാനിക്കുന്നയീ വര്ഷം
അവശേഷിപ്പിക്കുന്നതിനിയുമേറെ
കടന്നു കയറ്റത്തിൻ കരാള ഹസ്തങ്ങൾ
കച്ചവടത്തിൻ മര്യാദയില്ലാത്ത
വിദ്യാ ആഭാസങ്ങൾ.
ഇനിയും തീര്ന്നിട്ടില്ലാത്ത
എത്തി നോട്ടങ്ങൾ തൻ സദാചാര ചിന്തകൾ,
വിഷമിറ്റുന്ന വര്ഗീയ കോമരങ്ങൾ,
അതിജീവനത്തിന്റെ നില്പ് സമരങ്ങൾ,
വില്പനയുടെ മനുഷ്യ മാംസങ്ങൾ,
പിന്നാമ്പുറങ്ങളിലെ രാഷ്ട്രീയ കച്ചവടങ്ങൾ
കണ്ടു നില്പവര്ക്കിതെല്ലാം വെറും രസച്ചരടുകൾ.

എങ്കിലും പ്രതീക്ഷ തൻ ദീപവും
തെളിയിച്ചു നമുക്കെതിരെല്ക്കാം
ഒരു പുതു വര്ഷത്തെകൂടി
പാഴാകില്ലെന്നുറപ്പിക്കാൻ കഴിയില്ലെങ്കിലും
കൊളുത്താതിരിക്കുവാൻ കഴിയില്ല
പ്രതീക്ഷകളെ, വിശ്വാസങ്ങളെ,
ഭാഗ്യ നിര്ഭാഗ്യങ്ങളെ കണ്ണും നട്ടു
വീണ്ടുമൊരു യാത്ര.

No comments:

Post a Comment